സ്‌പെക്ട്രം ലേല കുടിശിക തീര്‍ക്കാന്‍ 35.8 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ വോഡാഫോണ്‍ ഐഡിയ

സ്‌പെക്ട്രം ലേല കുടിശിക തീര്‍ക്കാന്‍ 35.8 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ വോഡാഫോണ്‍ ഐഡിയ

മുംബൈ: സ്‌പെക്ട്രം ലേല കുടിശികയിലും പലിശയിനത്തിലും കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരിയാക്കി മാറ്റാന്‍ വോഡാഫോണ്‍ ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെ കമ്പനിയുടെ നിലവിലുള്ള എല്ലാ ഓഹരി ഉടമകള്‍ക്കും തിരിച്ചടിയാണ് പുതിയ തീരുമാനം

സ്പെക്ട്രം ലേല തവണകളും പലിശയും എജിആര്‍ കുടിശികയുമടക്കം നല്‍കാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സര്‍ക്കാരിന് നല്‍കുക. നിലവിലെ മൂല്യത്തില്‍നിന്നും കുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക.

കുടിശികയ്ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശനല്‍കാന്‍ ബാധ്യതയുള്ളതിനാല്‍ അതുകൂടി കണക്കിലെടുത്താണ് സര്‍ക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്.

ഇതോടെ കമ്പനിയില്‍ 35.8ശതമാനമായിരിക്കും സര്‍ക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടര്‍മാരായ വോഡാഫോണ്‍ ഗ്രൂപ്പിന് 28.5ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനവും പങ്കാളത്തവുമാണ് കമ്പനിയിലുള്ളത്.

2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശ്ശിക തീര്‍ക്കാന്‍ വിവിധ പദ്ധതികള്‍ ടെലികോം കമ്പനികള്‍ക്കു മുന്നില്‍ വെച്ചിരുന്നു. ഇതുപ്രകാരം നാലുവര്‍ഷത്തെ സാവകാശമാണ് വോഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ആവശ്യപ്പെട്ടത്. കുടിശികയും പലിശയും ഓഹരിയാക്കി മാറ്റാതെ അടച്ചു തീര്‍ക്കാനാണ് ഭാരതി എയര്‍ടെലിന്റെ തീരുമാനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.