ജിയോയ്ക്കു പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപവുമായി ഗൂഗിള്‍; ഇന്ത്യയില്‍ 5 ജി സേവനം കാര്യക്ഷമമാക്കും

ജിയോയ്ക്കു പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപവുമായി ഗൂഗിള്‍; ഇന്ത്യയില്‍ 5 ജി സേവനം കാര്യക്ഷമമാക്കും


മുബൈ: റിലയന്‍സ് ജിയോക്കു പിന്നാലെ എയര്‍ടെല്ലിലും ഗൂഗിള്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കുന്നു. താങ്ങാവുന്ന ബജറ്റിലുള്ള സ്മാര്‍ട്ഫോണുകളുടെ നിര്‍മാണത്തിനും 5 ജി സേവനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിക്ഷേപം ഉപയോഗപ്പെടുത്തുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം.

ആല്‍ഫബെറ്റ് ഗ്രൂപ്പിലെ ഗൂഗിളിന്റെ നിക്ഷേപമെത്തുന്നതോടെ മേഖലയില്‍ മുന്‍തൂക്കം നേടാന്‍ എയര്‍ടെല്ലിനു സാധിക്കുമെന്നാണു വിലയിരുത്തല്‍.മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയിലും ഗൂഗിള്‍ കഴിഞ്ഞവര്‍ഷം കോടികള്‍ നിക്ഷേപിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള ബിസിനസുകള്‍ക്കായി ക്ലൗഡ് ഇക്കോസിസ്റ്റം ത്വരിതപ്പെടുത്തുകയാണ് നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം. കരാര്‍ പ്രകാരം ഓഹരിയൊന്നിന് 734 രൂപയ്ക്ക് കമ്പനിയുടെ 71,176,839 ഓഹരികളാകും ഗൂഗിളിന് മുന്‍ഗണനാടിസ്ഥാനത്തില്‍ ലഭിക്കുക. ഇവയുടെ മൊത്തം മൂല്യം 5,224.38 കോടി രൂപ (70 കോടി ഡോളര്‍).

വാണിജ്യ കരാറിന്റെ ഭാഗമായി, ഉപയോക്താക്കള്‍ക്കായി ഇരുവരും ചേര്‍ന്ന് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ബജറ്റ് ഉപകരണങ്ങള്‍ നിര്‍മിക്കും. വിവിധ ഉപകരണ നിര്‍മ്മാതാക്കളുമായി സഹകരിച്ച്, വിവിധ വിലകളിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ പര്യവേക്ഷണം തുടരുമെന്ന് ബി.എസ്.ഇ. ഫയലിങ്ങില്‍ എയര്‍ടെല്‍ പറഞ്ഞു.

നിലവില്‍ കമ്പനിയുടെ 55.93 ശതമാനം ഓഹരികളും പ്രൊമോട്ടര്‍ ഗ്രൂപ്പായ മിത്തല്‍ കുടുംബത്തിന്റെയും സിംഗ്ടെലും ടെല്‍കോയുടെയും പക്കലാണ്. ഇതില്‍ 24.13 ശതമാനം ഓഹരികള്‍ മിത്തല്‍ കടുംബത്തിന്റെ പക്കലും 31.72 ശതമാനം ഓഹരികള്‍ സിംഗ്ടെലിന്റെ പക്കലുമാണ്. ബാക്കി ഓഹരികള്‍ പൊതു വിപണിയിലുണ്ട്.

ഗൂഗിളിന്റെ നിക്ഷേപ വാര്‍ത്ത വന്നതോടെ ഓഹരി വിപണികളിലും എയര്‍ടെല്‍ നേട്ടം കൈവരിച്ചു. 754 രൂപ വരെ ഓഹരി വില ഉയര്‍ന്നിരുന്നു. ഗൂഗിളുമായുള്ള സഹകരണം ഓഹരികളെ പുതു ഉയരങ്ങളിലെത്തിക്കുമെന്നാണു വിലയിരുത്തല്‍. നിലവില്‍ 52 ആഴ്ചയിലെ ഓഹരികളുടെ മികച്ച ഇയരം 781.80 രൂപയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.