കൊച്ചി: ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36,000 ആയി. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 720 രൂപയുടെ കുറവാണ് ഉണ്ടായത്.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളര്‍ച്ച, റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം എന്നിവമൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമ കിട്ടിയ സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഔണ്‍സിന് കഴിഞ്ഞദിവസം 1,849 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, അടിസ്ഥാന പലിശ നിരക്കുകള്‍ കൂട്ടാന്‍ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതോടെ സ്വര്‍ണവില ഇടിഞ്ഞു.
നിലവില്‍ അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് 0-0.25 ശതമാനമാണ്. ഈ വര്‍ഷം മാര്‍ച്ചു മുതല്‍ നാലുഘട്ടങ്ങളിലായി ഇത് 1-1.25 ശതമാനം ആക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ നീക്കം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന് പിന്നാലെ ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ (ബോണ്ട്) യീല്‍ഡും (റിട്ടേണ്‍/ലാഭം) ഉയര്‍ന്നത് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചു. നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറി.