തിരുവനന്തപുരം: കോവിഡ് കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ ജീവനക്കാര്‍ കുറയില്ല, പകരം ഒരു ജീവനക്കാരനെ കൂടി അധികമായി നിയോഗിക്കും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്കു സാനിറ്റൈസര്‍ നല്‍കുന്നതടക്കമുള്ള ജോലികള്‍ക്കായാണു പോളിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നത്. ക്ലാസ് ഫോര്‍ വിഭാഗം ജീവനക്കാരാകും പോളിംഗ് അസിസ്റ്റന്റുമാരായി എത്തുക.
സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപങ്ങളിലെ 21,865 വാര്‍ഡുകളിലായി 34,744 പോളിംഗ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും ഒരു ജീവനക്കാരന് അധികമായി വരുന്നതോടെ 34,744 ജീവനക്കാരെ അധികമായി നിയോഗിക്കേണ്ടി വരും. വോട്ടു ചെയ്യാന്‍ എത്തുന്നയാള്‍ മാസ്ക് ശരിയായി ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നടക്കമുള്ള മറ്റു കോവിഡ് പ്രതിരോധ നടപടികളും പോളിംഗ് അസിസ്റ്റന്റ് നിര്‍വഹിക്കും. നിലവില്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍, രണ്ടു പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരെ കൂടാതെ ബൂത്തിന്റെ സുരക്ഷയ്ക്കായി ഒരു പോലീസുകാരനുമുണ്ടാകും.