വിലയില്‍ വഴിവിട്ട കളി: അഞ്ച് ടയര്‍ കമ്പനികള്‍ക്ക് 1,788 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍

വിലയില്‍ വഴിവിട്ട കളി: അഞ്ച്  ടയര്‍ കമ്പനികള്‍ക്ക് 1,788 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍

കോട്ടയം: നിയമ വിരുദ്ധമായ മാര്‍ഗമുപയോഗിച്ച് ടയര്‍വില നിശ്ചയിക്കാന്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ അഞ്ചു പ്രമുഖ ടയര്‍ കമ്പനികള്‍ക്കും അവയുടെ സംഘടനയ്ക്കും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) വന്‍ തുക പിഴയിട്ടു. എം.ആര്‍.എഫ്, അപ്പോളോ, ജെ.കെ. ടയര്‍, ബിര്‍ള ടയേഴ്സ്, സിയറ്റ് എന്നീ ടയര്‍ നിര്‍മ്മാതാക്കളെയും ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനെയുമാണ് (എ.ടി.എം.എ) ശിക്ഷിച്ചത്.

എം.ആര്‍.എഫിന് 622.09 കോടി രൂപ, അപ്പോളോ ടയേഴ്‌സിന് 425.53 കോടി, സിയറ്റിന് 252.16 കോടി, ജെ.കെ ടയറിന് 309.95 കോടി, ബിര്‍ള ടയേഴ്‌സിന് 178.33 കോടി, സംഘടനയായ എ.ടി.എം.എക്ക് 8.4 ലക്ഷം എന്നിങ്ങനെയാണ് മത്സര നിരീക്ഷണ സമിതി പിഴ ചുമത്തിയിരിക്കുന്നത്. കമ്പനികള്‍ പരസ്പരം മല്‍സരിക്കുന്നതില്‍ നിന്നുമാറി ഓരോരുത്തരും വില്‍ക്കുന്ന ക്രോസ് പ്ലൈ/ബയസ് ടയര്‍ വേരിയന്റുകളുടെ വില ഒത്തുകളിയിലൂടെ വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്നാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയത്.

വിപണിയിലെ ഉല്‍പാദനവും വിപണനവും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഈ നടപടി ഇടയാക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ടയര്‍ നിര്‍മ്മാതാക്കള്‍ എ.ടി.എം.എ വഴി വില സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ടയറുകളുടെ വിലയില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഇതാണ് സംഘടനക്കും പിഴ ചുമത്താന്‍ കാരണമായത്. 2011-2012 കാലത്തെ മത്സര വിരുദ്ധ കരാറുകള്‍ നിരോധിക്കുന്ന കോമ്പറ്റീഷന്‍ ആക്ടിലെ സെക്ഷന്‍ മൂന്നിലെ വ്യവസ്ഥകള്‍ അഞ്ച് ടയര്‍ നിര്‍മ്മാതാക്കളും എ.ടി.എം.എയും ലംഘിച്ചിരിക്കുകയാണ്.

ടയറുകളുടെ ഉല്‍പാദനം, ആഭ്യന്തര വില്‍പന, കയറ്റുമതി എന്നിവയെക്കുറിച്ചുള്ള കമ്പനി തിരിച്ചുള്ളതും സെഗ്മെന്റ് തിരിച്ചുള്ളതുമായ വിവരങ്ങള്‍ എ.ടി.എം.എ സമാഹരിച്ച് അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൊത്തം 1,788 കോടി രൂപ പിഴ ചുമത്തിയ റെഗുലേറ്ററുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ടയര്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

സ്വാഭാവിക റബറിന്റെ ഉപയോഗം കൂടുതലും ടയര്‍ മേഖലയിലാണെന്നിരിക്കെ റബര്‍ വിലയും ടയര്‍ വിലയും എത്ര വേണമെന്ന് നിശ്ചയിക്കാനുള്ള വഴിവിട്ട കളികളാണ് ടയര്‍ കമ്പനികള്‍ നടത്തിയിരുന്നതെന്നും അതിനേറ്റ തിരിച്ചടിയാണ് സി.സി.ഐയുടെ നടപടിയെന്നും റബര്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാഭാവിക റബറിന്റെ പ്രാദേശിക വില താഴ്ത്തി നിര്‍ത്താന്‍ സമാനമായ രീതിയില്‍ ടയര്‍ കമ്പനികളും അവരുടെ സംഘടനയും ഒത്തുകളിക്കുന്നതായി കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരത്തെ മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.