സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 800 രൂപ

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വണവില കുതിപ്പ് തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 4680 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 100 രൂപ ഉയര്‍ന്നു. ഒരു പവന് ഇന്നലെ 36,640 ആയിരുന്നത് 800 രൂപ വര്‍ദ്ധിച്ച് 37,440 ആയി. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. വില കയറ്റത്തിന് പിന്നില്‍ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം എന്നാണ് വിലയിരുത്തല്‍.

ഏറ്റവും സുരക്ഷിതമായ നിക്ഷേപവും സമ്പാദ്യവുമാണ് മലയാളികള്‍ക്ക് സ്വര്‍ണം. എന്നാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന വിലക്കയറ്റം ആശങ്ക വര്‍ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സംസ്ഥാന വിപണിയെയും കാര്യമായി തന്നെ ബാധിക്കും. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്.

റഷ്യ- യുക്രെയിന്‍ സംഘര്‍ഷം മറ്റൊരു ലോക മഹായുദ്ധത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനിടെയാണ് അന്താരാഷ്ട്ര, രാജ്യാന്തര വിപണിയില്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധനവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം യുക്രെയിനിലെ അമേരിക്കന്‍ പൗരന്‍മാരോട് ഉടന്‍ തന്നെ രാജ്യം വിടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചതിന് പിന്നില്‍ യുദ്ധത്തിനുള്ള സൂചനയാണോ എന്ന ആശങ്കയും ഉയരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.