മഞ്ചേശ്വരം: ഫാഷൻ ഗോൾഡ് കേസിൽ കസ്റ്റഡിയിലായ മഞ്ചേശ്വരം എം.എൽ.എ. എം.സി.കമറുദീനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാകും. ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിൽ നിക്ഷേപമായി വന്ന കോടികൾ വകമാറ്റിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്.
എന്നാൽ ചോദ്യങ്ങളോട് കമറുദീൻ കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് വിവരം. ഫാഷൻ ഗോൾഡിന്റെ മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങൾക്കായിരുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല. രേഖകളിൽ മാത്രമാണ് ചെയർമാൻ സ്ഥാനമെന്നും കമറുദീൻ മൊഴി നൽകിയിട്ടുണ്ട്.
നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്ന് കമറുദ്ദീൻ ഇന്നലെയും അന്വേഷണ സംഘത്തോട് ആവർത്തിച്ചു. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാക്കും. കോടതി ഇന്ന് കമറുദ്ദീൻ്റെ ജാമ്യ ഹരജി പരിഗണിക്കും.