കുമളി: സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ തേക്കടിയിൽ ബോട്ടിംഗ് സർവീസുകളുടെ എണ്ണം കൂട്ടി വനംവകുപ്പ്. ഇന്ന് മുതൽ ഒരു ബോട്ടിംഗ് സർവീസ് കൂടി ആരംഭിക്കും. രാവിലെ 11:15നാണ് പുതിയ ബോർഡ് സർവീസ് നടത്തുക. 5 സർവീസുകൾ ഉണ്ടായിരുന്നടുത്ത് 2 സർവ്വീസുകൾ മാത്രമാണ് ലോക്ക് ഡൗൺ ഇളവുകളിൽ ആരംഭിച്ചത്.
എന്നാൽ ദീപാവലി അടുത്തതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്ക് വർദ്ധിച്ചതാണ് ഒരു സർവീസ് കൂടി ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. രാവിലെ ആറുമുതൽ പാർക്ക് സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.
അവധിദിവസങ്ങളിൽ തേക്കടിയിൽ 200 മുതൽ 300 പേര് വരെ ആണ് ഇപ്പോൾ എത്തുന്നത്. ശനി ഞായർ ദിവസങ്ങളിൽ നാലോ അഞ്ചോ ബോട്ട് സർവീസുകൾ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി റിസോർട്ടുകളും ഹോട്ടലുകളും നഷ്ടം സഹിച്ച് 50 ശതമാനം വരെ നിരക്ക് കുറച്ചിട്ടുണ്ട്.