കീവ്: ഉക്രെയ്നില്‍ റഷ്യ യുദ്ധം ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഓഹരി വിപണികള്‍ കൂപ്പുകുത്തി. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലെത്തി. ഓഹരി വിപണികളിലും തകര്‍ച്ച നേരിടുന്നുണ്ട്. സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു. സ്വര്‍ണവില പവന് 680 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഏഷ്യന്‍ വിപണികളും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
ഇന്ധനവില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10 രൂപയെങ്കിലും അടിയന്തിരമായി വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട ആലോചന തെരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവൂ എന്നായിരുന്നു നേരത്തെ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, ഇപ്പോള്‍ അതിനു സാധിക്കാത്ത അവസ്ഥയാണ്. ഉക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആഗോള ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ 5.78 ശതമാനം ഇടിഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വലിയ വെല്ലുവിളിയാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധമെന്ന് ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉക്രെയ്നെതിരേ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നത്. ഇന്ത്യ പ്രതിവര്‍ഷം 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. റഷ്യയില്‍ നിന്ന് നേരിട്ട് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറവാണെങ്കിലും ആഗോളവിലയിലെ തീവില ഇന്ത്യയിലെ ഇന്ധനകമ്പനികളെയും സമ്മര്‍ദത്തിലാക്കും.