വെല്ലിങ്ടണ്‍: റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണവുമായി ന്യൂസിലന്‍ഡ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ 100 റഷ്യക്കാര്‍ക്കാണ് ന്യൂസിലന്‍ഡ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നത്. ഉപരോധം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിനായുള്ള ബില്‍ നാളെ ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ അറിയിച്ചു.
ഇതാദ്യമായാണ് ഒരു രാജ്യത്തിനെതിരേ സ്വന്തം നിലയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുന്നത്. മറ്റു രാജ്യങ്ങള്‍ക്കെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ചട്ടക്കൂടുകളില്ലാത്ത രാജ്യമാണ് ന്യൂസിലന്‍ഡ്. ഇത്തരത്തിലുള്ള ആദ്യ ബില്ലാണ് റഷ്യന്‍ ഉപരോധ ബില്‍.
നിലവില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ അവ നടപ്പാക്കാന്‍ ന്യൂസിലന്‍ഡിനു കഴിയൂ. ആ പരിമിതി മറികടക്കുന്നതാണ് പുതിയ നിയമനിര്‍മാണം.
റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രെയ്‌നെ പിന്തുണയ്ക്കാന്‍ തങ്ങള്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ് ഉപരോധമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ പറഞ്ഞു.
റഷ്യന്‍ ഉപരോധ നിയമം ബുധനാഴ്ച സഭയില്‍ പാസാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നാഷണല്‍, എ.സി.റ്റി, ഗ്രീന്‍, മാവോറി പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തതോടെ ബില്‍ പാസാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ചൊവ്വാഴ്ച 12-ാം ദിവസത്തിലേക്കു കടക്കുമ്പോഴുള്ള ന്യൂസിലാന്‍ഡിന്റെ ഈ നിര്‍ണായക നീക്കം രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായ നൂറ് റഷ്യക്കാര്‍ക്കാണ് യാത്രാ നിരോധനമേര്‍പ്പെടുത്തുന്നത്. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു, വിദേശകാര്യ വക്താവ് മരിയ സഖറോവ തുടങ്ങിയവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
റഷ്യക്കാരുടെ ന്യൂസിലന്‍ഡിലുള്ള ആസ്തികള്‍ മരവിപ്പിക്കാനും രാജ്യത്തുനിന്നും സ്വത്തുക്കള്‍ മാറ്റുന്നതു തടയാനും ഉപരോധത്തിലൂടെ സാധിക്കും. ഇതുകൂടാതെ റഷ്യന്‍ കപ്പലുകളും വിമാനങ്ങളും ന്യൂസിലന്‍ഡ് പരിധിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. ബെലാറസ് ഉള്‍പ്പെടെ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും പുതിയ നിയമം അനുവദിക്കും.
ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും നിരപരാധികളുടെ ജീവഹാനി ഒഴിവാക്കാന്‍ ശാശ്വതമായി അവിടെനിന്നു പിന്മാറണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതിര്‍ത്തി നിയന്ത്രണങ്ങള്‍ മറികടന്ന് ന്യൂസിലന്‍ഡ് വിസയുള്ള 250 ഉക്രെയ്‌നിയക്കാര്‍ക്ക് ഉടന്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്നും ന്യൂസിലന്‍ഡിലുള്ള ഉക്രെയ്‌നിയക്കാര്‍ക്ക് വിസ 12 മാസത്തേക്ക് നീട്ടുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
'ഇത് ഉക്രെയ്‌നിയന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായ സമയമാണ്. ഉക്രെയ്ന്‍കാരെ പിന്തുണയ്ക്കാനുള്ള കൂടുതല്‍ വഴികള്‍ തേടുന്നത് തുടരുകയാണ്-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.