വാഷിങ്ടണ്‍: ഉക്രെയ്നിലെ മരിയുപോളില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍. ഉക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളില്‍ ബുധനാഴ്ചയാണ് കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയത്. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം വലിയ ക്രൂരതയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.
നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം ക്രൂരവും ഭയാനകവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഉക്രെയ്നിലെ മരിയുപോളില്‍ കുട്ടികളുടെയും പ്രസവ വാര്‍ഡുകള്‍ക്കും നേരെ നടന്ന ആക്രമണം ഭയാനകമാണ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു യുദ്ധത്തിന് ഉയര്‍ന്ന വിലയാണ് നിരപരാധികളായവര്‍ നല്‍കുന്നത്. വിവേകശൂന്യമായ ഈ അക്രമം അവസാനിപ്പിക്കണം. ഈ രക്തച്ചൊരിച്ചില്‍ ഇല്ലാതെയാക്കണം'-അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
മരിയുപോളില്‍ കുട്ടികളുടെയും പ്രസവ വാര്‍ഡിനും നേരെ നടന്ന ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉക്രെയ്ന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയുടെ ഈ ക്രൂതയില് നിരവധിയാളുകളാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് വിവിധ അന്താരാഷ്ട്ര നേതാക്കളും രംഗത്തെത്തി.