തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്‌ണന്‍ രാജിവച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിക്ക് മുന്‍പ് മുഖ്യമന്ത്രിയായിരുന്നു രാജിവയ്‌ക്കേണ്ടിയിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കോടിയേരിയുടെ പാത പിണറായി പിന്തുടരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
"മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു. ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജിവയ്‌ക്കേണ്ടിയിരുന്നത്. നേരത്തെ ചികിത്സയുടെ ഭാഗമായി കോടിയേരി വിദേശത്തേക്ക് പോയിരുന്നു. അന്നൊന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിനിന്നിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ ഇപ്പോള്‍ രാജിവയ്‌ക്കാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. കോടിയേരിയേക്കാള്‍ അപമാനം സഹിച്ച് പുറത്തുപോകേണ്ട അവസ്ഥ മുഖ്യമന്ത്രിക്കുണ്ടാകും. രാജിവച്ച് ജനവിധി തേടാനാണ് പിണറായി വിജയന്‍ തയ്യാറാകേണ്ടത്," ചെന്നിത്തല പറഞ്ഞു.