ഇറാഖിലെ യു.എസ് കോണ്‍സുലേറ്റിനു സമീപം പതിച്ച മിസൈലുകള്‍ വന്നത് ഇറാനില്‍ നിന്ന് ; നാശനഷ്ടങ്ങളില്ല

ഇറാഖിലെ യു.എസ് കോണ്‍സുലേറ്റിനു സമീപം പതിച്ച മിസൈലുകള്‍ വന്നത് ഇറാനില്‍ നിന്ന് ; നാശനഷ്ടങ്ങളില്ല

ബാഗ്ദാദ്: വടക്കന്‍ ഇറാഖി നഗരമായ ഇര്‍ബിലിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം ഇന്നു രാവിലെ പതിച്ച ആറ് മിസൈലുകള്‍ അയല്‍രാജ്യമായ ഇറാനില്‍ നിന്നു വിക്ഷേപിച്ചതാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ല.സമീപത്തുള്ള വിമാനത്താവളത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണം പാളിയതാകാമെന്ന സംശയവും ഉണരുന്നുണ്ട്.

മൂന്ന് സ്ഫോടനങ്ങള്‍ കേട്ടെന്ന് നഗരത്തിലെ എഎഫ്പി ലേഖകന്‍ അറിയിച്ചു. കോണ്‍സുലേറ്റ് കെട്ടിടം പുതിയതാണ്. കെട്ടിടത്തില്‍ ആളില്ലായിരുന്നുവെന്ന് ഇറാഖി, യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസൈലുകളൊന്നും യുഎസ് കോണ്‍സുലേറ്റില്‍ പതിച്ചിട്ടില്ലെന്നും കോമ്പൗണ്ടിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണു വീണതെന്നും കുര്‍ദിസ്ഥാന്റെ വിദേശ മാധ്യമ ഓഫീസ് മേധാവി ലോക്ക് ഗഫാരി അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തെ ലക്ഷ്യമാക്കി യുഎസ് കോണ്‍സുലേറ്റ് ആക്രമിക്കാന്‍ ഉദ്ദേശിച്ചതാകം.അതേസമയം, അടുത്തുള്ള വിമാനത്താവളത്തെയാണോ ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നതായി ഏരിയ ഗവര്‍ണര്‍ പറഞ്ഞു.വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.