കീവ്: മരിയുപോളില്‍ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ അമ്മയും നവജാത ശിശുവും യുദ്ധങ്ങളില്ലാത്ത ലോകത്തേക്ക് അന്ത്യ യാത്രയായി. പരിക്കേറ്റ് അവശയായ പൂര്‍ണ്ണ ഗര്‍ഭിണിയെ സിസേറിയന് വിധേയയാക്കി നവജാത ശിശുവിനെ പുറത്തെടുത്ത് പരമാവധി ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനാകാത്തതിന്റെ ദുഃഖവുമായാണ് അവരെ ചികില്‍സിച്ചിരുന്ന ഡോക്ടര്‍ മരണ വിവരം ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മരിയുപോളില്‍ പ്രസവ ആശുപത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയെ സ്‌ട്രെച്ചറില്‍ ചുമന്ന് കൊണ്ട് പോകുന്ന എമര്‍ജെന്‍സി ജീവനക്കാരുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരാണ് അന്നു തന്നെ കൊല്ലപ്പെട്ടത്.
'മികച്ച ചികിത്സയാണ് നല്‍കി വന്നത്. എന്നാല്‍ സിസേറിയന് ശേഷം അരമണിക്കൂര്‍ നേരം മാത്രമാണ് കുഞ്ഞ് ജീവനോടെയുണ്ടായിരുന്നത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. ഇരുവരെയും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു' ഗൈനിക്ക് സര്‍ജന്‍ ഡോ. തിമൂര്‍ മാരിന്‍ അറിയിച്ചു.അഭയാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നിട്ടും ആക്രമണം തുടര്‍ന്നു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമാണ് മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.