181 പുതിയ കമ്പനികള്‍, 10,400 തൊഴിലവസരങ്ങള്‍; കോവിഡിലും കുതിപ്പുമായി സംസ്ഥാനത്തെ ഐടി രംഗം

181 പുതിയ കമ്പനികള്‍, 10,400 തൊഴിലവസരങ്ങള്‍; കോവിഡിലും കുതിപ്പുമായി സംസ്ഥാനത്തെ ഐടി രംഗം

തിരുവനന്തപുരം: കോവിഡ് കാലത്ത് മറ്റെല്ലാ മേഖലയിലും കിതപ്പായിരുന്നുവെങ്കിലും സംസ്ഥാനത്തെ ഐടി വ്യവസായം പുതിയ ഉയരങ്ങളിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലത്ത് പുതിയതായി സംസ്ഥാനത്ത് തുടങ്ങിയത് 181 ഐടി കമ്പനികളാണ്. 10,400 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 41, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ 100, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 40 എന്നിങ്ങനെയാണ് പുതിയ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ കമ്പനികള്‍ വരും മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ-അന്തര്‍ദ്ദേശീയ ഐടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ക്ഷിക്കുന്നതിന് ആവശ്യമായ മികച്ച മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും അദേഹം ഫേസ്ബുക്ക് കുറിപ്പില്‍ അവകാശപ്പെട്ടു.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 105 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം 'കബനി'യുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 10.33 ഏക്കറില്‍ 80 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തുവെന്നും അദേഹം അവകാശപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.