റഷ്യന്‍ ആക്രമണം തുടരുന്നു; ചെര്‍ണോബില്‍ ആണവ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി തകര്‍ത്തു

റഷ്യന്‍ ആക്രമണം തുടരുന്നു; ചെര്‍ണോബില്‍ ആണവ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി തകര്‍ത്തു

കീവ്: റഷ്യന്‍ - ഉക്രെയ്ൻ ആക്രമണം തുടരുന്നു. ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി റഷ്യൻ സൈന്യം തകർത്തു. ഉക്രെയ്ൻ സ്‌റ്റേറ്റ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകർന്നത് വൻ ആശങ്കയാണ് ഉയത്തുന്നത്.

റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച പുതിയ ലാബാണിത്. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകൾ റഷ്യ തട്ടിയെടുത്തെന്നും സ്‌റ്റേറ്റ് ഏജൻസി വ്യക്തമാക്കി. അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന സംവിധാനങ്ങൾ പൂർണമായും നിലച്ചതായി ഉക്രെയ്ന്റെ ന്യൂക്ലിയർ റെഗുലേറ്ററി ഏജൻസി അറിയിച്ചിരുന്നു.

ഇതിനിടെ റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് ഉക്രെയ്ൻ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേർ മരിയുപോളിൽ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം സെലൻസ്‌കി തേടിയിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ മാർപാപ്പ രംഗത്തുവന്നിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലൻസ്‌കി മാർപാപ്പയുമായി ഫോൺ സംഭാഷണം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാലാഴ്ച പിന്നിട്ടപ്പോഴും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.