തൃശൂർ: മാതാപിതാക്കളെ യുവാവ് റോഡിലിട്ട് വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛൻ കുട്ടൻ, അമ്മ ചന്ദ്രിക എന്നിവരെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വെള്ളിക്കുളങ്ങരയിലെ വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മിൽ വീട്ടിൽ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് രാവിലെയും വഴക്കുണ്ടായി. തുടർന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടർന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.