അബുദാബി: അബുദാബിയിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികളുടെ സലൂണുകളില്‍ അബുദാബി മുനിസിപ്പാലിറ്റി പരിശോധനാ കാമ്പയിന്‍ ശക്തമാക്കി. ശുചിത്വം, പൊതുജനാരോഗ്യം, കുട്ടികളുടെ സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കുട്ടികള്‍ക്ക് സേവനങ്ങള്‍ നല്‍കി അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സലൂണ്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
സലൂണുകളിലെ പൊതുവായ ശുചിത്വം, റിസപ്ഷന്‍ ഏരിയ, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ വൃത്തിയും അവ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടോ എന്നും അധികൃതര്‍ നേരിട്ട് വിലയിരുത്തി. സേവനങ്ങള്‍ നല്‍കുമ്പോള്‍ ജീവനക്കാര്‍ വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
അധികൃതരുടെ പരിശോധന നടക്കുന്ന സമയങ്ങളില്‍ മാത്രം ശുചിത്വ നടപടികള്‍ പാലിച്ചാല്‍ പോരെന്നും, എപ്പോഴും വൃത്തിയും അണുവിമുക്തവുമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ അവ ഉടനടി പരിഹരിക്കണം. സലൂണുകളിലെ ശുചീകരണവും അറ്റകുറ്റപ്പണികളും അണുനശീകരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, സലൂണുകളിലെ സേവനങ്ങളില്‍ രക്ഷിതാക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നിവയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.