വത്തിക്കാന്‍ സിറ്റി: മുസ്ലീം രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം തങ്ങളുടെ ന്യൂനപക്ഷാവസ്ഥയെക്കുറിച്ചോ എണ്ണക്കുറവിനെക്കുറിച്ചോ ഭയപ്പെടേണ്ടതില്ലെന്ന് ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. വത്തിക്കാനില്‍ ചേര്‍ന്ന മധ്യപൂര്‍വ ദേശത്തെയും അറബ് രാഷ്ട്രങ്ങളിലെയും ലത്തീന്‍ മെത്രാന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളില്‍ വസിക്കുന്ന ക്രൈസ്തവര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്ന സ്‌നേഹത്തിന്റെ ഇടങ്ങളായി മാറണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സഭയുടെ ഫലപ്രാപ്തി അളക്കുന്നത് വിശ്വാസികളുടെ എണ്ണത്തിലോ ഭൗതിക വിഭവങ്ങളിലോ ഘടനകളിലോ അല്ല, മറിച്ച് സുവിശേഷത്തോടുള്ള വിശ്വസ്തതയിലാണെന്ന് പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
കുടുംബങ്ങളില്‍ നിന്ന് അകന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ പ്രത്യേകം സംരക്ഷിക്കണം. ഒറ്റപ്പെടലും അസ്ഥിരതയും അനുഭവിക്കുന്ന അവര്‍ക്ക് ക്രൈസ്തവ സമൂഹങ്ങള്‍ സ്വന്തം വീടുപോലെ ആശ്വാസം നല്‍കുന്ന ഇടങ്ങളാകണം.
ഭൂമിശാസ്ത്രപരമായി ആയിരക്കണക്കിന് മൈലുകള്‍ അകലെ സ്ഥിതി ചെയ്യുന്നതും ആചാരങ്ങളിലും സംസ്‌കാരത്തിലും വൈവിധ്യമുള്ളതുമായ സഭകള്‍ തമ്മില്‍ ശക്തമായ ഐക്യം പുലര്‍ത്തേണ്ടത് ആവശ്യമാണ്. കൂടാതെ സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിലനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളായി ക്രൈസ്തവര്‍ നിലകൊള്ളുകയും വേണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.