തൃശൂര്‍: ആറ് വയസുകാരനായ മകന് അപകടകരമായ രീതിയില്‍ മഡ് റെയ്‌സിങ്ങ് പരിശീലനം നല്‍കിയ പിതാവിനെതിരെ കേസ്. തൃശൂര്‍ സ്വദേശിയായ ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്.
പാലക്കാട് സൗത്ത് പോലീസാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ക്ലബ്ബ് സംഘടിപ്പിച്ച മഡ് റെയ്‌സിങ്ങ് പരിശീലനത്തിലാണ് ഷാനവാസ് മകനെ പങ്കെടുപ്പിച്ചത്. കാടംകോട് വെച്ച് ഞായറാഴ്ച്ചയായിരുന്നു പരിശീലനം.
ടോയ് ബൈക്കാണ് കുട്ടി പരിശീലനത്തിന് ഉപയോഗിച്ചത്.
എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് പരിശീലനത്തില്‍ കുട്ടി പങ്കെടുത്തത്. പരിശീലനം നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പരിശീലനം സംഘടിപ്പിച്ച ക്ലബ്ബിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
വീടുകളില്‍ കുട്ടികള്‍ക്ക് ടോയ് ബൈക്കുകള്‍ ഉപയോഗിക്കാന്‍ നല്‍കുന്നതിന് പുറമെ പൊതുസ്ഥലത്ത് സാഹസിക പരിശീലനത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്ന വാദമാണ് പോലീസ് ഉയര്‍ത്തുന്നത്. കൂടാതെ ക്ലബ്ബിന് ലൈസന്‍സ് ഇല്ലായിരുന്നു എന്നും സൂചനയുണ്ട്.