തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം.
ഇന്ന് മുതല്‍ 13 വരെ പേര് ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച അപേക്ഷകൾ ഈ ദിവസങ്ങളില്‍ സമര്‍പ്പിക്കാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടര്‍പട്ടിക ലഭ്യമാണ്. അപേക്ഷകൾ പരിശോധിച്ച് സപ്ലിമെന്ററി പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും.