ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉടന്‍ ഹാജരാക്കണം'; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉടന്‍ ഹാജരാക്കണം'; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദേശം.

ദിലീപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചപ്പോള്‍ കോടതിയിലെ ചില വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചെന്ന് ബൈജു പൗലോസ് പറ‍ഞ്ഞു. ഇത് കോടതി ജീവനക്കാര്‍ വഴിയാണോ ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഈ അവശ്യം ഉന്നയിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്.

അതേസമയം ഇന്നലെ നടന്‍ ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചനാ കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കമുളളവ ഉടന്‍ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. രാമന്‍പിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നല്‍കിയത്.

അഡ്വ ഫിലിപ്പ് ടി വര്‍ഗീസ്, അ‍ഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരാണ് ദിലീപിന്‍റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സായ് ശങ്കറിന്റെ മൊഴി. കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്ക് കേരള ബാര്‍ കൗണ്‍സിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.