തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പൊലീസ് നോക്കുകുത്തികളായി നില്‍ക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കേരളത്തിൽ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കോറിഡോറായി മാറി. നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണ്. പൊലീസ് അപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള എന്ത് അവകാശമാണ് സര്‍ക്കാരിനുള്ളതെന്ന് സതീശൻ ചോദിച്ചു.
വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അഴിഞ്ഞാടുകയാണ് കേരളത്തില്‍. സോഷ്യല്‍ എഞ്ചിനിയിറിംഗ് എന്ന് ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണന നയത്തിന്റെ പരിണതഫലങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വര്‍ഗീയ കൊലപാതകങ്ങളെല്ലാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
ആരെയും ശക്തിയായി എതിര്‍ക്കാനുള്ള ധൈര്യമില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികളും ന്യൂനപക്ഷ വര്‍ഗീയ വാദികളും പൊലീസില്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന വകുപ്പാണ് ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയപ്പാടിലാണ് കേരളം ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.