ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; 10 എസ്ഡിപിഐ പ്രവര്‍ത്തകർ കരുതല്‍ തടങ്കലിൽ

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; 10 എസ്ഡിപിഐ പ്രവര്‍ത്തകർ കരുതല്‍ തടങ്കലിൽ

പാലക്കാട്‌: ആര്‍എസ്എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പരിശോധന വ്യാപിപ്പിച്ച് പൊലീസ്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡില്‍ പത്ത് പേരെ കരുതല്‍ തടങ്കലിലാക്കി.

കസബ, സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളാണുള്ളതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.