അപകടകരമായ ഡ്രൈവിംങ് ചോദ്യം ചെയ്തു; പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ യുവാവിന്റെ മര്‍ദ്ദനം

 അപകടകരമായ ഡ്രൈവിംങ് ചോദ്യം ചെയ്തു; പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ യുവാവിന്റെ മര്‍ദ്ദനം

മലപ്പുറം: അമിതവേഗതയിലുള്ള ഡ്രൈവിംങ് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നടുറോഡില്‍ യുവാവിന്റെ മര്‍ദ്ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവര്‍ക്ക് മലപ്പുറം പാണമ്പ്രയില്‍വച്ച് മര്‍ദ്ദനമേറ്റത്.

കാറില്‍ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീര്‍ വാഹനമോടിക്കുന്ന അസ്‌നയെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് ഉണ്ടായതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചെന്നും മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു.

കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയാണ് സംഭവമുണ്ടായത്.
അമിത വേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാന്‍ പോയി. യുവാവിന്റെ അപകടകരമായ ഡ്രൈവിംങ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനമുണ്ടായത്.

ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്ന് പെണ്‍കുട്ടികളിലൊരാളായ അസ്‌ന പറഞ്ഞു. കേസെടുത്തെങ്കിലും പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും നിസാരമായ വകുപ്പുകളാണ് പൊലീസ് പ്രതിക്കെതിരെ ചേര്‍ത്തതെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.