കോഴിക്കോട്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. ടിക്കറ്റ് വിലയില്‍ മൂന്നിരട്ടിയോളമാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വര്‍ധനവ്. ടിക്കറ്റ് നിരക്ക് കൂടിയതോടെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്ന പലരും യാത്ര നീട്ടിവച്ചു.
നിലവില്‍ ദുബായില്‍ നിന്ന് കോഴിക്കോടേക്ക് വരാന്‍ 7000 മുതല്‍ 10,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 26 മുതല്‍ മേയ് രണ്ടു വരെ ഈ നിരക്കില്‍ വലിയ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഈ സമയത്ത് 30,000 രൂപയ്ക്ക് മുകളിലാകും ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് ദുബായിലേക്ക് പോകാന്‍ 11,000 രൂപയാണ് നിലവിലെ ശരാശരി നിരക്ക്.
മൂന്നാം തീയതി മുതല്‍ 12 വരെയുള്ള നിരക്ക് 25,000 രൂപയ്ക്ക് മുകളിലാണ്. കോവിഡ് ഭീതി മാറിയതോടെ അവധിക്ക് നാട്ടിലേക്ക് വരാന്‍ തയാറായ നിരവധി പ്രവാസികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിച്ചതോടെ യാത്ര മാറ്റി വയ്ക്കുന്നുണ്ട്.