പാലക്കാട്ടെ കൊലപാതകങ്ങള്‍: സംസ്ഥാനത്തൊട്ടാകെ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി രഹസ്യാനേഷണ വിഭാഗം

പാലക്കാട്ടെ കൊലപാതകങ്ങള്‍: സംസ്ഥാനത്തൊട്ടാകെ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി രഹസ്യാനേഷണ വിഭാഗം

കണ്ണൂർ: പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ വീണ്ടും ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സാമൂഹ്യ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നി‍ർദ്ദേശം നൽകിയത്. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും.

ലവ് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്പ‍ർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെ നടപടി.

കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് 16 പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.