ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ സിനിമ നിര്‍മാതാവ് സിറാജുദിന്റെ വീട്ടിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ സിനിമ നിര്‍മാതാവ് സിറാജുദിന്റെ വീട്ടിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവ് സിറാജുദ്ദിന്റെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തി. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകനും ഇയാളും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. ഇയാളുടെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നിര്‍മാതാവിന് സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് കേസ്.

തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണം പിടികൂടുന്നത്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്റര്‍ പ്രൈസസിന്റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ സഹ ഉടമകളില്‍ ഒരാളാണ് തൃക്കാക്കര മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്റെ മകനായ ഷാബില്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.