കോട്ടയം: ഉദ്യോഗസ്ഥ സംഘത്തെ വലിച്ചിട്ട് തോൽപ്പിച്ച് പഴക്കുലയുമായി ജനപ്രതിനിധികള്‍ മടങ്ങി. കോട്ടയം ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും നേതൃത്വം നൽകിയ വനിത ഉദ്യോഗസ്ഥ സംഘത്തെ വടംവലിയിൽ തോൽപിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കോട്ടയത്തെ വനിത ജനപ്രതിനിധി ടീം.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 28 മുതൽ മേയ് നാല് വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണന മേളയുടെ പ്രചരണാർഥം തിരുനക്കര മൈതാനത്ത് നടത്തിയ വനിത സൗഹൃദ വടംവലി മത്സരത്തിലാണ് ജനപ്രതിനിധികളുടെ ടീം വിജയിച്ചത്.
ഒരു വശത്ത് ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീയുടെയും ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെയും നേതൃത്വത്തിലുള്ള ടീമും മറുവശത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മിയുടെ നേതൃത്വത്തിലുള്ള ടീമുമാണ് അണിനിരന്നത്.
വടംവലി മത്സരം ഉദ്ഘാടനം ചെയ്‌ത സി.കെ ആശ എം.എൽ.എ വിസിലടിച്ച് റഫറി റോളിൽ മത്സരം നിയന്ത്രിച്ചു. കാണികൾ ഹർഷാരവത്തോടെയാണ് മത്സരത്തെ പ്രോത്സാഹിപ്പിച്ചത്. രണ്ടു തവണയും ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ വലിച്ചിട്ടതോടെ മത്സരം സമാപിച്ചു. ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും ചേർന്ന് വിജയികളായ ജനപ്രതിനിധികളുടെ സംഘത്തിന് സമ്മാനമായി ഞാലിപ്പൂവൻ പഴക്കുല കൈമാറി.