തിരുവനന്തപുര: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്‍റ് ബോര്‍ഡ് എന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഓഡിനന്‍സിന്റെ കരട് അംഗീകരിച്ചു. കേരള പബ്ലിക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന പേരിലാണ് രൂപീകരിക്കുന്നത്.
കെഎസ്‌ഐഡിസി, കെഎംഎംഎല്‍, കെഎസ്‌ഇബി, ബിവറേജസ് കോര്‍പ്പറേഷന്‍, കെഎസ്‌എഫ്‌ഇ തുടങ്ങി അമ്പതോളം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നിയമനം പി.എസ്.സി വഴിയാണ് നടത്തുന്നത്. എന്നാല്‍ പുതിയ ബോര്‍ഡ് നിലവില്‍ വരുന്നത് വഴി വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിഎസ്‌സി വഴി നിയമനം നടത്താത്ത തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയാണ് ബോര്‍ഡില്‍ ഉണ്ടാവുക. പുതുതായി വരുന്ന റിക്രൂട്ട്മെന്റ് ബോര്‍ഡ് തിരഞ്ഞെടുത്ത തസ്തികകളില്‍ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കിയതിനുശേഷമാണ് നിയമനം നല്‍കുക. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം അമ്പതില്‍ താഴെ ആണെങ്കില്‍ അഭിമുഖം മാത്രമേ നടത്തുകയുള്ളൂ.