ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ കേസ് അഭിഭാഷകന് ഫീസായി നല്‍കിയത് 24.5 ലക്ഷം

ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ കേസ് അഭിഭാഷകന് ഫീസായി നല്‍കിയത് 24.5 ലക്ഷം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ ഇരട്ടക്കൊലക്കേസിലെ അഭിഭാഷകന് വക്കീല്‍ ഫീസായി 24.50 ലക്ഷം രൂപ അനുവദിച്ചു.

പെരിയ കേസില്‍ സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിംഗിനാണ് ഫീസായി 24.50 ലക്ഷം രൂപ അനുവദിച്ച്‌ നിയമ വകുപ്പില്‍ നിന്നാണ് ഉത്തരവിറങ്ങിയത്. ഫെബ്രുവരി 21 ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണിത്.

പെരിയ കേസില്‍ ഫീസിനത്തില്‍ മാത്രം ഇതുവരെ സര്‍ക്കാരിന് ചെലവായത് 88 ലക്ഷം രൂപയാണ്. അഭിഭാഷകരായ രജ്ഞിത്കുമാര്‍ , മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് സര്‍ക്കാരിനു വേണ്ടി വാദിച്ചത്.

പെരിയ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഏതു വിധേനയും സി.ബി.ഐയെ തടയാനാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയത്. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് പ്രതിസ്ഥാനത്തുള്ളത്.2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.