തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ആ വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിങ്ങ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
നിലവില്‍ മോട്ടര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡിനുപകരം എലഗന്റ് കാര്‍ഡുകള്‍ മേയ് മാസത്തില്‍ വിതരണം ചെയ്യും. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവില്‍ സ്പെഷ്യൽ ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.