ആത്മകഥയില്‍ പി. ശശിയെ അപമാനിച്ചെന്ന് ആരോപണം; ടിക്കാറാം മീണയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ്

ആത്മകഥയില്‍ പി. ശശിയെ അപമാനിച്ചെന്ന് ആരോപണം; ടിക്കാറാം മീണയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ആത്മകഥയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി വക്കീല്‍ നോട്ടീസ് അയച്ചു.

തൃശൂരില്‍ കളക്ടര്‍ ആയിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന ശശി ഇടപെട്ട് സ്ഥലംമാറ്റിയെന്ന് മീണ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരേയാണ് ശശിയുടെ വക്കീല്‍ നോട്ടീസ്.

വയനാട് കളക്ടര്‍ ആയിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും ശശി ആണെന്ന് പുസ്തകത്തില്‍ മീണ പറഞ്ഞിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ശശി വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം.

തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ശശി തരൂര്‍ എംപിയാണ് മീണയുടെ ആത്മകഥ 'തോല്‍ക്കില്ല ഞാന്‍' പ്രകാശനം ചെയ്യുന്നത്. സര്‍വീസില്‍ നിന്നു വിരമിക്കും മുന്‍പ് ആത്മകഥ പ്രകാശനം ചെയ്യുന്നതിന് മീണ അനുവാദം ചോദിച്ചെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.