കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കമ്മീഷണര്‍ ആര്‍. ഇളങ്കോ റിപ്പോര്‍ട്ട് ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ശുപാര്‍ശ അംഗീകരിച്ചാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡിവൈഎഫ്‌ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി. ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആരോപണം.
ഡിവൈഎഫ്‌ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി.