കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയെന്നും നഡ്ഡ ആരോപിച്ചു. കോഴിക്കോട് നടന്ന പൊതുസമ്മേളനത്തിലാണ് ബിജെപി അധ്യക്ഷന്‍ പിണറായി സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
പിണറായി സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ സഹായിക്കുന്നത് ഇസ്ലാമിക ഭീകരവാദികളെയാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം തങ്ങളുടെ ആകുലതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ചു കൊണ്ട് ഭരിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണം നഡ്ഡ ആവശ്യപ്പെട്ടു.