ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിയോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക നല്‍കിയ 'അസാനി' എന്നപേരിലാകും അറിയപ്പെടുക. 'ഉഗ്രമായ കോപം' എന്നാണ് ഈ വാക്കിനര്‍ഥം. മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശാവുന്ന അസാനി ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.

ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിച്ചേക്കില്ല. ഇടിമിന്നലും കാറ്റും അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.