ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു മക്കളും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസറാണ് റെനീസ്.
അഞ്ചു വയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റെനീസിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇവരുടെ കുടുംബത്തില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റെനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്‌സില്‍ ബഹളമുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.