കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പി.സി ജോര്‍ജിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കഴിഞ്ഞ ദിവസം കൊച്ചി വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. 53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രഥമദൃഷ്ട്യാ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലും പി.സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസെടുത്തത്.
പിന്നിട് പൂഞ്ഞാറിലുള്ള വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതി ഉപാധികളോടെ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു.