തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.
രണ്ടുപേര്‍ രക്ഷപ്പെട്ടു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് മറികടന്നാണ് ഉപ ജീവനമാർഗത്തിനായി മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്.
കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല എന്നായിരുന്നു മുന്നറിയിപ്പ്.
തെക്കന്‍ കര്‍ണാടക തീരത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അറബിക്കടില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
മെയ് 17 മുതല്‍ 20 വരെ ശക്തമായ, അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.