തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം; വരവും ചെലവും പുറത്ത് വിട്ട് കെഎസ്‌ആര്‍ടിസി

തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം; വരവും ചെലവും പുറത്ത് വിട്ട് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്പളം വൈകുന്നതില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിനിടെ വരവും ചെലവും പുറത്ത് വിട്ട് കെഎസ്‌ആര്‍ടിസി.

ചെലവാക്കുന്ന തുകയേക്കാള്‍ വരവ് ലഭിക്കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് വിശദീകരിക്കാനായാണ് കെഎസ്‌ആര്‍ടിസി കണക്കുകള്‍ നിരത്തിയത്. ഇന്ധന വില വര്‍ധനവും ശമ്പള പരിഷ്‌കരണത്തിലൂടെയുള്ള അധിക ബാധ്യതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.

2021 നവംബറില്‍ 121 കോടിയായിരുന്നു കെഎസ്‌ആര്‍ടിസിയിലെ വരുമാനം. 2022 ഏപ്രിലില്‍ അത് 167.71 കോടിയിലെത്തി. എന്നാല്‍ ഇതേ നവംബറില്‍ 66.44 കോടിയായിരുന്ന ഡീസല്‍ ചെലവ് ഏപ്രിലില്‍ 97.69 കോടിയായി ഉയര്‍ന്നു.

ജനുവരി മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ ഡിസംബര്‍ മുതല്‍ 64 കോടിയായിരുന്നെങ്കില്‍ ജനുവരി മുതല്‍ 82 കോടിയായി ശമ്പള ചെലവ് ഉയര്‍ന്നു. പ്രതിമാസം 12 കോടിയുടെ വര്‍ധനവുണ്ടായി. പ്രതിമാസം രണ്ടിനത്തിലുമായി 50 കോടിയുടെ വര്‍ധന. ഇതാണ് പ്രതിസന്ധിക്ക് കാരണം.

പ്രതിമാസ ചെലവ് 162 കോടിയും വരവ് 164 കോടിയുമെന്ന പ്രചാരണം തെറ്റാണ്. മാര്‍ച്ചില്‍ ദീര്‍ഘദൂര ബസുകള്‍ക്കായി അടച്ച ഇന്‍ഷുറന്‍സ് പ്രീമിയം തുക 9.75 കോടിയാണ്. കണ്‍സോര്‍ഷ്യം ബാങ്കിന് സര്‍ക്കാര്‍ വിഹിതമായി ലഭ്യമായ 90 കോടിയും അടച്ചു. ജീവനക്കാരില്‍നിന്ന് പിടിച്ച പി.എഫ്, റിക്കവറി തുടങ്ങിയ ഇനങ്ങളില്‍ മാര്‍ച്ചില്‍ 5.57 കോടിയും അടച്ചുവെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.