ഇറ്റാലിയിലെ മാർച്ചെയിൽ മഴയിലും വെള്ളപ്പൊക്കത്തിലും 10 മരണം: നാലു പേരെ കാണാതായി; 50 ഓളം പേർക്ക് പരിക്ക്

ഇറ്റാലിയിലെ മാർച്ചെയിൽ മഴയിലും വെള്ളപ്പൊക്കത്തിലും 10 മരണം: നാലു പേരെ കാണാതായി; 50 ഓളം പേർക്ക് പരിക്ക്

അങ്കോണ(ഇറ്റലി): ഇറ്റാലിയൻ പ്രദേശമായ മാർച്ചെയിൽ അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായി അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 50 ഓളം പേർക്ക് പരിക്ക് പറ്റി.

വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് നദികളും അരുവികളും കരകവിഞ്ഞൊഴുകി. പ്രാദേശിക തലസ്ഥാനമായ അങ്കോണയ്ക്ക് ചുറ്റുമുള്ള തീരദേശ നഗരങ്ങൾ വെള്ളത്തിലായി. 400 മില്ലിമീറ്റർ മഴയാണ് ഒറ്റ രാത്രി കൊണ്ട് പെയ്‌തത്. അതായത് ആറു മാസം ലഭിക്കേണ്ട മഴ ഒറ്റ രാത്രി കൊണ്ട് ലഭിച്ചെന്നു റിപ്പോർട്ടുകൾ പറയുന്നു.

രണ്ട് കുട്ടികൾ ഉൾപ്പടെ നാലു പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് മേയർ ലുഡോവിക്കോ കാവേർനി പറഞ്ഞു. മിസ നദി കരകവിഞ്ഞു ഒഴുകുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കുട്ടിയെ കാണാതായത്. അമ്മയുടെ കൈ പിടിച്ചു ഓടുന്നതിനിടെ ഒഴുക്കിൽപെടുകെയായിരുന്നു ആറു വയസുകാരനായ കുട്ടി. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു. രക്ഷാ പ്രവർത്തകർ എത്തി അമ്മയെ രക്ഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

200 ഓളം രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വെള്ളം കയറിയ മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. റോഡ് മാർഗം എത്താൻ കഴിയാത്ത ഇടങ്ങളിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

അതിശക്തമായ വേനൽ അനുഭവപ്പെട്ടിരുന്ന ഇവിടെ ഏതാനം ദിവസങ്ങളായി മഴ സാധ്യത ഉണ്ടായിരുന്നു. എങ്കിലും പ്രളയ സമാനമായ സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. വറ്റി വരണ്ട നദി ഒറ്റ രാത്രി കൊണ്ട് കവിഞ്ഞു ഒഴുകിയത് ആശ്ചര്യപ്പെടുത്തിയെന്ന് മാർച്ചെ റീജിയണൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.