മുംബൈ: ഡോളർനെതിരായ വിനിമയ നിരക്കിൽ രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച. ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി.
അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പുറകോട്ട് വലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് സൂചന.
രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ നിഗമനം. നിലവിലെ സ്ഥിതി അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.
ഇതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് യോഗം നിർണായകമാകും. റിസർവ് ബാങ്കും പലിശ നിരക്ക് ഉയർത്തിയേക്കും. 50 ബേസിസ് പോയിന്റ് വരെ നിരക്ക് വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. രൂപയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടാകും.
അതേസമയം സെൻസെക്സ് ഇന്ന് 1.37 ശതമാനം ഇടിഞ്ഞ് 57301.19 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിൽ 1.51 ശതമാനം ഇടിവുണ്ടായി. 17066.55 പോയിന്റിലാണ് വ്യാപാരം. വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരാണ് ഇന്ത്യൻ ഓഹരി വിപണിയിലെ നെറ്റ് സെല്ലർമാർ. വെള്ളിയാഴ്ച മാത്രം ഇവർ 29000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചതെന്നാണ് സ്റ്റോക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ മൂല്യം കൂടിയിരിക്കുകയാണ്.