നിങ്ങള്‍ സാമ്പത്തിക ഇടപാടുകളില്‍ ജാമ്യം നിന്നിട്ടുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നിങ്ങള്‍ സാമ്പത്തിക ഇടപാടുകളില്‍ ജാമ്യം നിന്നിട്ടുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകളില്‍ ജാമ്യം നില്‍ക്കാനിട വന്നിട്ടുണ്ടോ? നിലവിലെ സാഹചര്യത്തിൽ ജാമ്യം നിൽക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വായ്പകൾക്കും ബാങ്കുകൾ സാധാരണയായി ജാമ്യക്കാരെ ആവശ്യപ്പെടാറില്ല. എന്നാൽ കടം വാങ്ങുന്നയാളുടെ തിരിച്ചടവ് ശേഷിയില്‍‌ സംശയിക്കുന്നിടത്ത് മാത്രമേ ജാമ്യക്കാർ ആവശ്യമുള്ളൂ.

വിദ്യാഭ്യാസ വായ്പകൾക്കും വിരമിച്ച വ്യക്തികൾ എടുക്കുന്ന വായ്പകൾക്കും ജാമ്യം നിർബന്ധമാണ്. മറ്റുള്ളവരുടെ വായ്പകൾക്ക് ജാമ്യം നിൽക്കുമ്പോൾ ഒന്നിലധികം സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം.

ജാമ്യം നിൽക്കേണ്ട സാഹചര്യം വരികയാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, വായ്പക്കാരന് തിരിച്ചടയ്ക്കാനുള്ള ശേഷി ഉണ്ടോയെന്നു പരിശോധിക്കുകയാണ്. വായ്പകാരൻ ആത്മർത്ഥതയുള്ളവനും പണം നൽകാനുള്ള സന്നദ്ധതയും കഴിവും ഉള്ളവുനുമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ആ വ്യക്തിക്ക് ജാമ്യക്കാരനായി നിൽക്കാവൂ. വായ്പയെടുക്കുന്നയാൾ മുഴുവൻ വായ്പയും തിരിച്ചടയ്ക്കാതിരുന്നാൽ തിരിച്ചടവ് ബാധ്യത ജാമ്യക്കാരന്റെ മേൽ വരും എന്നത് എപ്പോഴും ഓർമ്മിക്കണം.

 ക്രെഡിറ്റ് സ്കോർ

ലോൺ എടുക്കന്നയാൾക്ക് ജാമ്യക്കാരനായി നിൽക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഒരു ബാധ്യതയായി പ്രതിഫലിക്കും. ഭാവിയിൽ, ഒരു വീട്, കാർ അല്ലെങ്കിൽ വ്യക്തിഗത വായ്പാ എടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ വായ്പാ യോഗ്യതയെ സാരമായി ബാധിക്കും. കൂടാതെ, സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വായ്പയുടെ ബാധ്യതകൾ അടച്ചു തീർക്കാൻ കാലതാമസമുണ്ടായാലും സ്വന്തം ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നതിനുള്ള കഴിവിനെയും വായ്പ ലഭിക്കുന്ന പലിശനിരക്കിനെയും ബാധിക്കും.

ജാമ്യക്കാരന്റെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും

ലോണ്‍ എടുത്തയാള്‍ മുടക്കം വരുത്തിയാല്‍ മാത്രം ജാമ്യക്കാരന്‍ കടം അടച്ചുതീര്‍ക്കണം. കരാറില്‍ പ്രത്യേകമായി മറ്റ് കാര്യങ്ങള്‍ പറയുന്നില്ലെങ്കിലാണ് ഇത്. ലോണെടുത്തയാള്‍ മരണപ്പെട്ടാലോ ഇയാളുടെ മേലുള്ള നിയമനടപടികള്‍ കോടതി തള്ളിക്കളഞ്ഞാലോ ബാക്കി ഉത്തരവാദിത്തം ജാമ്യക്കാരന് മേലാകും.

അതേസമയം ജാമ്യം നില്‍ക്കുന്നയാളുടെ സമ്മതപ്രകാരമല്ലാതെ വ്യവസ്ഥകള്‍ മാറ്റുകയാണെങ്കില്‍ ആ ജാമ്യം നിലനില്‍ക്കില്ല, അസാധുവാകും. ഈ മാറ്റങ്ങള്‍ ഇടപാടിനെ ബാധിക്കുന്നതാണെങ്കില്‍ മാത്രമാണ് ജാമ്യത്തെ ബാധിക്കുക.

ഇൻഷുറൻസ് പ്ലാൻ

സുഹൃത്തിനോ ബന്ധുവിനോ ജാമ്യക്കാരനാകാൻ തീരുമാനിക്കുകയാണെങ്കിൽ സുരക്ഷിതത്വത്തിന് വേണ്ടി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വായ്പാ സംരക്ഷണ ഇൻഷുറൻസ് പ്ലാൻ എടുക്കാൻ നിങ്ങളുടെ സുഹൃത്തിനോടോ ബന്ധുവിനോടോ നിർദ്ദേശിക്കണം. ഈ പോളിസിയിലൂടെ വായ്പയെടുക്കുന്നയാൾക്ക് മരണമോ വൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ, വായ്പാ തിരിച്ചടവ് ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കും.

കടമെടുത്തയാള്‍ മുങ്ങുകയും ബാക്കി തുക ജാമ്യക്കാരന്‍ അടയ്‌ക്കേണ്ടിയും വന്നാല്‍ എന്തു സംഭവിക്കും?

കടമെടുത്തയാളുടെ ഈട്, ലോണിന്മേലുള്ള അവകാശങ്ങള്‍, എല്ലാം ജാമ്യക്കാരന് കിട്ടും. അതുപോലെ, ഈടായ വസ്തുവിന്റെ വില, അടച്ചു തീര്‍ത്ത ലോണിനെക്കാള്‍ കുറവാണെങ്കില്‍ ബാക്കി പണത്തിന് ജാമ്യക്കാരന് ലോണെടുത്തയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

ജാമ്യക്കാരൻ എന്ന ബാധ്യതയിൽ നിന്ന് പിന്മാറാൻ കഴിയുമോ?

ഒരു ജാമ്യക്കാരൻ എന്ന ബാധ്യതയിൽ നിന്ന് നിങ്ങൾ പിന്മാറുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ഇതിൽ പ്രധാനപ്പെട്ടത് സ്വയം വായ്പാ എടുക്കേണ്ടതിന്റെ ആവശ്യകതയാകാം. എന്നിരുന്നാലും, കടം വാങ്ങുന്നയാൾക്ക് മറ്റൊരു ജാമ്യക്കാരനെ ലഭിച്ചില്ലെങ്കിൽ ഒരു ജാമ്യക്കാരനെന്ന നിലയിൽ നിങ്ങൾക്ക് ഇതിൽ നിന്ന് പിന്മാറാനാകില്ല. ഇതുകൂടാതെ മറ്റൊരു ജാമ്യക്കാരനെ ലഭിച്ചെന്നിരിക്കട്ടെ, ജാമ്യക്കാരനെ മാറ്റണമോ വേണ്ടയോ എന്ന് തീരമാനിക്കാനുള്ള വിവേചനാധികാരം ബാങ്കിനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.