പിഎഫ്ഐ അക്കൗണ്ടിലെത്തിയ 120 കോടി: അന്വേഷണം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യവസായികളിലേക്ക്; പട്ടിക തയാറാക്കി ഇ.ഡി

പിഎഫ്ഐ അക്കൗണ്ടിലെത്തിയ 120 കോടി: അന്വേഷണം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യവസായികളിലേക്ക്; പട്ടിക തയാറാക്കി ഇ.ഡി

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നേരത്തേ വിദേശത്തു നിന്ന് വലിയ തോതില്‍ അനധികൃതമായി പണമെത്തിയതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില വ്യവസായികളിലേക്കാണ് അന്വേഷണം പ്രധാനമായും നീളുന്നത്.

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴല്‍പ്പണമായും അല്ലാതെയും പിഎഫ്ഐ അക്കൗണ്ടില്‍ 120 കോടിയെത്തിയതായി ഇ.ഡി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം എന്‍ഐഎക്കൊപ്പം ഇ.ഡിയും അന്വേഷിക്കുകയാണ്. പിഎഫ്ഐ അക്കൗണ്ടിലേക്ക് പണമെത്തിക്കാന്‍ കൂടുതല്‍ ബിസിനസുകാര്‍ ഇടപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതു പ്രകാരം ഇ.ഡി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്തെ അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ഇ.ഡി സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്ക് പിഎഫ്ഐയുമായി പ്രത്യക്ഷ ബന്ധമില്ലെങ്കിലും സംഘടനയുടെ അക്കൗണ്ടിലേക്കു പണം കൈമാറിയതായി സംശയമുണ്ട്.

അബൂബക്കറുമായി ബന്ധമുള്ള മറ്റു വ്യവസായികളുടെ സ്ഥാപനങ്ങളില്‍ ഇ.ഡി നടത്തിയ പരിശോധനയില്‍ ചില അനധികൃത സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫയലുകള്‍ പിടിച്ചെടുത്തു.

മറ്റ് പലരും പോപ്പുലര്‍ ഫ്രണ്ടിന് പണം നല്‍കിയിട്ടുണ്ടന്ന സ്ഥിരീകരണത്തില്‍ അവരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തെ കോട്ടയ്ക്കല്‍, ചങ്കുവെട്ടി, എടരിക്കോട്, രണ്ടത്താണി, പൊന്‍മള തുടങ്ങിയ സ്ഥലങ്ങളിലെ ഫര്‍ണിച്ചര്‍ ഷോപ്പ്, സ്വര്‍ണക്കടകള്‍, ട്രാവല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

പാലക്കാടുള്ള ബേക്കറി ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഇ.ഡിയുടെ ഡല്‍ഹി ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഴിക്കോടു നിന്ന് അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാവ് മുഹമ്മദ് ഷെഫീഖിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.