മടങ്ങി വന്ന പ്രവാസികള്‍ക്കായി നോര്‍ക്ക-എസ്ബിഐ ലോണ്‍ മേള

മടങ്ങി വന്ന പ്രവാസികള്‍ക്കായി നോര്‍ക്ക-എസ്ബിഐ ലോണ്‍ മേള

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് മേള. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള സംഘടിപ്പിച്ചിട്ടുള്ളത്.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. കോഴിക്കോട് എസ്ബിഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസബി.ഐ മെയില്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക.

പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നോര്‍ക്ക റൂട്സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770 511, +91-7736 917 333 (വാട്സ്ആപ്പ്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.

കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) ആദ്യത്തെ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്സിന്റെ ഈ പദ്ധതി.വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.