കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിക്കും. മെട്രോ രണ്ടാം ഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ല.
എന്നാല്‍ പദ്ധതി നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ബാഹ്യ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പാസ് ത്രൂ അസിസ്റ്റന്‍സായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. പി.പി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമ സഭയെ അറിയിച്ചത്.
ടെക്‌നോ പാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയിലെ 13.65 ഏക്കറില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക.
ഇതിനായി 200 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം നിക്ഷേപമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പിപിപി മാതൃകയിലാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഡിജിറ്റല്‍ സയന്‍സ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.