തിരുവനന്തപുരം: രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസിലര്‍മാർ ഹിയറിങിന് ഹാജരായി. നോട്ടീസ് നൽകിയ ഒമ്പതുപേരിൽ നാലുപേര്‍ നേരിട്ടും മൂന്ന് പേർ അഭിഭാഷകർ മുഖാന്തിരവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ ഹാജരായത്. സ്ഥലത്തില്ലാത്ത കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല.
കേരള മുൻ വിസി വി.പി. മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വിസി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വിസി മുബാറക് പാഷ, കുസാറ്റ് വിസി ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.
വിദേശ യാത്രയിലായതിനാലാണ് എംജി വിസി ഡോ.സാബു തോമസ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തും. കണ്ണൂർ വിസി കൂടുതൽ സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്.
ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം.