കോഴിക്കോട്: സിപിഎമ്മിന്റെ ലീഗ് പ്രണയത്തിനു പിന്തുണയുമായി സമസ്തയിലെ ഒരു വിഭാഗം. ലീഗിനെക്കുറിച്ച് നല്ല കാര്യം ആര് പറഞ്ഞാലും സന്തോഷമേയുള്ളൂ എന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സിപിഎമ്മല്ല ആര് ലീഗിനെ കുറിച്ച് നല്ലത് പറഞ്ഞാലും സന്തോഷമേയുള്ളു.
എല്ലാവരും യോജിച്ച് പോകണം എന്ന അഭിപ്രായമാണ് സമസ്തയ്ക്ക്. കേന്ദ്രം ഭരിക്കുന്നവര്‍ ഫാസിസത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എല്ലാവരും യോജിക്കണമെന്ന് സമസ്ത നേരത്തെ പറഞ്ഞതാണ്.
ആര് ഭരിച്ചാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ജീവിക്കാനുമുള്ള അവസരമുണ്ടാകണം. ഇടതുപക്ഷം ചെയ്ത നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യുകയും മോശമായതില്‍ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫ് കാലത്തും അങ്ങനെ തന്നെയായിരുന്നു നിലപാട്. ആണും പെണ്ണും ഒരു പോലെ പെരുമാറുന്നത് ഇന്ത്യയുടെ തന്നെ സംസ്‌കാരത്തിന് വിരുദ്ധമാണ്. നിലവിലെ പാഠ്യപദ്ധതിയില്‍ നിന്ന് പെട്ടന്ന് ഒരു മാറ്റം ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അത് ഇന്നലെ വീണ്ടും വ്യക്തമാക്കി. സ്‌കൂള്‍ പഠന സമയം നേരത്തെ ആകുന്നത് മത പഠനത്തെ ബാധിക്കും. ഈ കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ സമുദായ സംഘടന എന്ന നിലയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഉമര്‍ ഫൈസി പറഞ്ഞു.