കണ്ണൂര്‍: കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിനു തീ പിടിച്ചു. അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തലശേരി ആറാം മൈലിലെ എം.എ. മന്‍സിലില്‍ മശൂദിന്റെ വീട്ടിലാണ് സംഭവം.
മശൂദിന്റെ ബന്ധുവായ യുവാവ് പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ വീട്ടുകാരെ വിവരം അറിയിച്ചു.
ഇവര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂട് കാരണം മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്. മുറിയിലെ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ കത്തിനശിച്ചു.
മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതിരുന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.