തൃശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മുത്തച്ഛനും ചെറുമകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. മകന്‍ ശരത്തിനെ (30) നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലെ ചെറുറോഡിലാണ് അപകടം. വിവാഹത്തിന് പോയ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി പിന്നോട്ട് എടുക്കുന്നതിനിടെ ആറാട്ടുപഴ പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിലുണ്ടായിരുന്നവരെ ഉടന്‍തന്നെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും അല്‍പസമയത്തിനകം മരിച്ചു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.